ജനനസമയത്തുപൊക്കിൾക്കൊടിമുറിച്ച
മ്മയിൽനിന്നുംപിരിയിച്ചനാൾമുതൽ
മടിയിലിരുത്തി ശ്രീരാമകഥ പാടി ഭാവനാ പുഷ്പകമേറ്റിയ മുത്തശ്ശിയെ,
മുറ്റത്തെ പൂഴിമണ്ണിൽപിച്ചവെപ്പിച്ച മുത്തശ്ശനെ
ജന്മനാളിലൊരു വർഷവുമൊഴിയാതെ പാരിതോഷികവുമായ് എത്തുന്നമാമനെ
പത്തു മാസം ചുമന്നു പ്രസവിച്ചൊരമ്മയെ
ചുമലിലിരുത്തി ചുറ്റുവട്ടവും കാട്ടി
നേരും നെറിയും പഠിപ്പിച്ചൊരച്ഛനെ
കണ്ണിമാങ്ങയു മണ്ടിയും തൊണ്ടിപ്പഴങ്ങളും
എണ്ണിപ്പകുത്തൊരു കൂടപ്പിറപ്പിനെ
സ്വന്തമാകാശത്തു സ്വച്ഛം പറക്കുവാൻ
മടി വിട്ടു പറത്തിയൊരോമൽ ക്കിടാങ്ങളെ
തെല്ലും മറക്കാതെ, തെല്ലുമിരിക്കാതെ
നേരിൻ്റെ മുൾക്കാട്ടി,ലെരിയുന്ന വേനലിൽ
 ഒരു ചെറു ചിരിയോടെയലസംഗമിക്കവേ
സ്നേഹവും നോവും മാതൃവാത്സല്യവു
മേറെക്കുഴഞ്ഞു കിടക്കുമീ യാത്രയിൽ
ലക്ഷ്യത്തിലെത്താൻ കിതയ്ക്കുന്ന
ലക്ഷ്യങ്ങൾ പണ്ടേ കുറിച്ചിട്ട യാത്രയിൽ
അമ്മ തൻ നെഞ്ചിൽ നിന്നൂർന്നൊരു വെൺമ
പെയ്യുന്നതെന്നാണിനി നിൻ്റെയുള്ളിൽ
ഒരു സൗമ്യ രാഗാമായ്.... ,കാവലായി

Comments