യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഒരു ഫെഡറൽ റിപ്പബ്ലിക്ക് .വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച, ഉയർന്ന ജിഡിപി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ മുന്നേറ്റം, വ്യവസായങ്ങൾ, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, കച്ചവടം, ഉയർന്ന ജീവിത നിലവാരം, സൈനിക ശക്തി, വിനോദ സഞ്ചാരം എന്നിവയിലെ മുന്നേറ്റത്താൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച രാജ്യം. കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമി. സപ്തവത്സരയുദ്ധം , ബോസ്റ്റൺ ടീ പാർട്ടി , എബ്രഹാം ലിങ്കൻ്റെ അടിമത്ത വിമോചന പ്രഖ്യാപനം , സ്റ്റാച്യൂ ഓഫ് ലിബേർട്ടി ചരിത്രപരമായ അടയാളപ്പെടുത്തലുകൾ ഏറെ..
ഇങ്ങനെയുള്ള ഒരു രാജ്യത്തിലേക്ക് ഒരു സന്ദർശകയായി എത്തുക എന്നത് വളരെ കുറച്ചു പേർക്ക് മാത്രം ലഭിക്കുന്ന അവസരമാണ്. അവിടെ താമസക്കാരിയായി (Resident) ആയി എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പകൽകിനാവ് മാത്രവും.
ഏപ്രിൽ 15 ന് ചെന്നൈയിൽ അപ്പോളോ ക്ലിനിക്കിൽ മെഡിക്കൽ ചെക്കപ്പും 29ന്ഡൽഹിയിൽ ബയോ മെടിക്കും കഴിഞ്ഞ് മെയ് 1 ന് ബോംബെയിൽ വിസ ഇൻ്റർവ്യൂവിന് എത്തിയപ്പോഴും വിസ ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല 2019 ലെ വിസ ഇൻ്റർവ്യൂ ആയിരുന്നു മനസ്സിൽ . അന്ന് സന്ദർശക വിസ ലഭിച്ചിരുന്നില്ലല്ലോ. ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ ഓഫീസർ "Visa approved " എന്ന് പറഞ്ഞപ്പോഴും വിശ്വാസം തോന്നിയില്ല അടുത്ത ദിവസം 4 മണിക്ക് പാസ്പോർട്ട് വാങ്ങി വന്നപ്പോൾ ഉറപ്പായി. IR5 visa യിൽ അമേരിക്കയിൽ പോകാം. അഞ്ചു ദിവസത്തെ ബോംബെ താമസത്തിനു ശേഷം ആനന്ദിനോടും രേഷ്മയോടും മകൾ നടാഷയോടും വിട പറഞ്ഞ് 5ാം തീയതി രാത്രി വീട്ടിലെത്തി. അമേരിക്കൻ സിറ്റിസൺ ആയ അരുൺ അമേരിക്കയിലേക്കു വളരെ പെട്ടെന്ന് ടിക്കറ്റും ബുക്ക് ചെയ്തു.
37 വർഷങ്ങൾ ജൂണിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ സ്കൂളിലേക്ക് പോയിരുന്നതിന് പകരം റിട്ടയർ ചെയ്ത് 6 വർഷത്തിനു ശേഷമുള്ള ജൂൺ 3 ന് സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് അമേരിക്കയിലേയ്ക്ക് യാത്ര പുറപ്പെട്ടു.. ബിജുവിൻ്റെ ടാക്സിയിൽ . പ്രകാശ് ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. തനി നാടൻ. സാമ്പാറും കൂമ്പ് വറവും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 2 -40 ൻ്റെ ഇൻ്റിഗോ വിമാനം. ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. ചെക്ക് ഇൻ ചെയ്ത് ബോർഡിംഗ് പാസും എടുത്ത് 12ാം നമ്പർ ഗേറ്റിനടുത്ത് ചെന്ന് ഇരുന്നു. 3 - 40 ന് ബാംഗ്ലൂർ എത്തി. അവിടെ നിന്നും അടുത്ത ദിവസം രാവിലെ 4-40 നാണ് അടുത്തഫ്ലൈറ്റ് 'എമിറേറ്റ്സിൻ്റെ ഫ്ലൈറ്റ് ആണ്. വിമാനത്താവളത്തിനടുത്തളള്ള SM റസിഡൻസിയിൽ ഒരു റൂം എടുത്തു. വിശ്രമിച്ചു. 12.30 ന് കെമ്പഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ രണ്ടാം ടെർമിനലിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് സിയാറ്റിലിലേയ്ക്കും . 15 മണിക്കൂറോളമുള്ളയാത '. മുന്നിലെ സീറ്റിനു പുറകിലുള്ള സ്ക്രീനിൽ സിനിമ കണ്ടും വിമാനത്തിൻ്റെ ക്യാമറക്കണ്ണുകളിലൂടെയുള്ള ഭൂഖണ്ഡ കാഴ്ചകൾ കണ്ടും. 'ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തത്. ഭക്ഷണവും ഡ്രിങ്ക്സും നൽകിയിരുന്നു. ഡ്രിങ്ക് അധികമായ തിനാലാണോ എന്താണെന്നറിയില്ല സിയാറ്റിലേക്കുള്ള ഫ്ലൈറ്റിൽ ഒരു യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി . സ്റ്റാഫ് അവരെ ദൂരെയിരുത്തി ' ഫ്ലൈറ്റ് സിയാറ്റിലിൽ ലാൻഡ് ചെയ്തു . അല്പ സമയത്തിനകം നാലഞ്ച് പോലീസുകാർ എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. "ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആരെയും ആക്രമിച്ചിട്ടില്ല "എന്നെല്ലാം ആയുവാവ് പറയുന്നുണ്ടായിരുന്നു. രംഗം ശാന്തമായ ശേഷം എല്ലാവരും പുറത്തിറങ്ങി .
ബാഗേജ് ശേഖരിച്ച് എമിഗ്രേഷൻ ഓഫീസിലെത്തി . എമിഗ്രേഷൻ ഓഫീസർ പാസ്പോർട്ട് പരിശോധിച്ചു. "ഫ്രഷ് ആയ പഴങ്ങളോ പച്ചക്കറികളോ കൊണ്ടുവന്നിട്ടുണ്ടോ" എന്ന് ചോദിച്ചു. ഇല്ല എന്ന് ഉത്തരം പറഞ്ഞപ്പോൾ "ആദ്യമായി വരുകയാണോ " എന്ന് കുശലം ചോദിച്ചു . .അപ്പുറത്ത് കാത്തിരിക്കാനാവശ്യപ്പെട്ടു. മൂന്നു നാലുമിനിട്ടിനിടയിൽ അദ്ദേഹം വന്നു. പാസ്പോർട്ട് തിരികെ തന്നു "മകൻ പുറത്ത് കാത്തിരിക്കുന്നു . അമേരിക്കയിലെ താമസം സന്തോഷകരമാവട്ടെ " എന്ന് ആശംസിച്ച് പുഞ്ചിരിയോടെ യാത്രയാക്കി. പുറത്തെത്തി. അരുണിനൊപ്പം റിച്ച് ലാൻഡിലേയ്ക്ക് പുറപ്പെട്ടു. അവൻ്റെ കാറിലായിരുന്നു യാത്ര . വഴിയിലുള്ള ഹോട്ടലിൽ നിന്ന് മസാലദോശയും കാപ്പിയും കഴിച്ച് ഇൻഡ്യൻഗ്രോസറി സ്റ്റോറിൽ നിന്ന് സാധനങ്ങളും വാങ്ങി യാത്ര തുടർന്നു. മഴ പെയ്തു. സിയാറ്റിലിൽ നല്ല മഴലഭിക്കുന്നതിനാൽ മഴക്കാടുകളിൽ വൻമരങ്ങൾ ഉണ്ട്. യാത്ര റിച്ച് ലാൻ്റിനോടടുക്കും തോറും മരങ്ങളുടെ വലുപ്പം കുറയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കുറ്റിപ്പെടികളും പുല്ലുകളും മാത്രമായി. വഴിയിൽ ആപ്പിൾ, ചെറി, മുന്തിരി ഉരുളക്കിഴങ്ങ് എന്നിവയുടെ തോട്ടങ്ങൾ സ്പ്രിങ്ക്ളർ സംവിധാനമുപയോഗിച്ചാണ് നന ' തോട്ടങ്ങളിൽ റോഡരികിലായി അവ സൂക്ഷിക്കാനുള്ള സ്ഥലങ്ങളും ഉണ്ട്. കാഴ്ച കണ്ട് സമയം പോയതറിഞ്ഞില്ല. രാത്രി 8-45 ആയിട്ടും നല്ല വെയിൽ . തൊട്ടടുത്തുള്ള പമ്പിൽ നിന്നും ഗ്യാസോലിൻ നിറക്കാൻ കയറി. കാർഡ് ഉപയോഗിച്ച് പണമടച്ച് സ്വന്തമായി നിറയ്ക്കണം. എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആണ് പണമടച്ചാലെ നിറയ്ക്കാനാവൂ. അരുൺ ഗ്യാസ് നിറയ്ക്കുന്നതിനിടയിൽ ഞങ്ങൾ പുറത്തിറങ്ങി ഒരു ഫോട്ടോയെടുത്തു. റോഡുകളിലെല്ലാം speed limit ഉണ്ട്. സൂളുകൾക്കടുത്ത് 20 kM ആണ്. അവിടെ ആ ലിമിറ്റ് ലംഘിക്കുന്നവർക്ക് ഇരട്ടി പിഴയാണ്. പുതിയ തലമുറയോട് കാണിക്കുന്ന കരുതൽ ഇതിൽ കാണാം. 10 മണിയോടെ വീട്ടിലെത്തി . അപ്പോഴും ഇരുട്ട് പൂർണമായും വന്നിരുന്നില്ല. ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
Comments
Post a Comment